കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്കും പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ റിദ ഫാത്തിമയ്ക്കും സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ഫോറം പ്രസിഡന്റിന്റെ ആരാമ്പ്രം എടിയാടിപൊയിലിലുള്ള വസതിയിൽ വെച്ച് നടന്ന ചടങ്ങ് പി.ടി. മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകളിൽ നിന്നും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 മെമ്പർമാരെയാണ് ചടങ്ങിൽ ആദരിച്ചത്. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾക്ക് എല്ലാവിധ പിന്തുണയും ഫോറം വാഗ്ദാനം ചെയ്തു. കേരള സംസ്ഥാന പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ റിദ ഫാത്തിമയെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
വി. മുഹമ്മദ് കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദൻസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഗിരീഷ് കുമാർ, പഞ്ചായത്ത് മെമ്പർ എ.പി. നസ്തർ, സുലൈമാൻ മാസ്റ്റർ, കാസിം കുന്നത്ത് എന്നിവർ സംസാരിച്ചു. വിവിധ വാർഡുകളിലെ മെമ്പർമാരും ചടങ്ങിൽ സംസാരിച്ചു. തറേങ്ങൽ ഹുസൈൻ സ്വാഗതവും കെ. ജമാൽ നന്ദിയും രേഖപ്പെടുത്തി.




