ഭാരതത്തെ ദര്‍ശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയര്‍ത്തിയ മഹാനായ ഡോ. എസ് രാധാകൃഷ്ണന്‍ പറഞ്ഞു ; ‘ഓരോ അധ്യാപകരും ഓരോ നിര്‍മ്മാണ ശിലയാകണം’.സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിക്കുമ്പോള്‍ അതിന് കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഓരോ വിദ്യാര്‍ത്ഥിയിലും രൂപപ്പെടേണ്ട ഉത്തമ ഗുണങ്ങളുടെയും സത് സ്വഭാവങ്ങളുടെയും സകല നന്മകളുടെയും നിര്‍മാണ ശിലയായി അധ്യാപകന്‍ മാറണം .
മറ്റൊരര്‍ത്ഥത്തില്‍ ‘അധ്യാപകന്‍ തലമുറകളെ വാര്‍ത്തെടുക്കുന്ന ശില്‍പിയാണ്. ‘ ശിലയില്‍ നിന്ന് ശില്‍പി ശില്‍പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാര്‍ത്ഥിയെയും ഉത്തമ ശില്‍പങ്ങളായി വാര്‍ത്തെടുക്കുവാന്‍ അധ്യാപകന് കഴിയണം. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. അവര്‍ക്ക് താല്പര്യമുള്ള പദ്ധതികളില്‍ സ്വയം മുഴുകി മസ്തിഷ്‌കവും മനസ്സും കൈകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ഗ്ഗശേഷി ഉണരുക. സര്‍ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകന്‍ ത്വരിതപ്പെടുത്തണം. അതിന് അധ്യാപകന്‍ കുട്ടികളെ സ്‌നേഹിക്കണം, മാര്‍ഗ്ഗദര്‍ശനം നടത്തണം, പ്രേരിപ്പിക്കണം, ദിശാബോധം പകരണം, സൗഹൃദ പൂര്‍ണ്ണമായ ആശയവിനിമയം നടത്തണം. ബോധ്യാവബോധങ്ങള്‍ ഊട്ടി ഉറപ്പിക്കണം. വിദ്യാര്‍ത്ഥികളുടെ സഹസഞ്ചാരിയാകണം. സുഹൃത്താകണം. പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും സമയം കണ്ടെത്തണം.ഓരോ വിദ്യാര്‍ത്ഥിയും ഓരോ നിധിയാണ് .
അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയണം.
ഒരു രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കപ്പെടുന്നത് ക്ലാസ്സ് മുറികളിലൂടെയാണ്. അവിടെ മൂല്യശോഷണവും കര്‍മശോഷണവും ധര്‍മശോഷണവും സംഭവിച്ചു കൂടാ.ഏറ്റവും മൂല്യമുള്ള സത്പ്രവര്‍ത്തിയായിട്ടാണ് അധ്യാപനത്തെ കാണുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകം ഇതാണ്; ‘ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ ഒരു രോഗി മരിച്ചേക്കാം, ഒരു എന്‍ജിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്നു കുറച്ചുപേര്‍ മരിച്ചേക്കാം, എന്നാല്‍ ഒരു അധ്യാപകന് വീഴ്ച വന്നാല്‍ ഒരു തലമുറയാണ് നശിക്കുക’. ഓരോ ശിലയും കരുതലോടെ കരുത്തോടെ ജാഗ്രതയോടെ എടുത്തുവെച്ച് വിദ്യാര്‍ത്ഥികളെ ഒരുക്കേണ്ട കാലഘട്ടമാണിത്.ഒരു നല്ല അധ്യാപകന്‍ ഒരുകൂട്ടം നല്ല വ്യക്തികളെ സൃഷ്ടിക്കുന്നു. അതുവഴി ഒരു നല്ല സമൂഹത്തെയും ഉന്നതമായ രാഷ്ട്രത്തെയും നിര്‍മ്മിക്കുകയാണ്.






