മുംബൈ: കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച ഐപിഎൽ ടീം കൊച്ചി ടസ്കേഴ്സ് ടീമിന് 538 കോടി രൂപ ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന തര്‍ക്കപരിഹാര കോടതി വിധി ശരിവെച്ച് ബോംബെ ഹൈക്കോടതി. കരാര്‍ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് 2011ലെ ആദ്യ സീസണുശേഷം ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിനെതിരെ കൊച്ചി ടസ്കേഴ്സ് ടീം ഉടമകൾ നൽകിയ ഹര്‍ജിയിലാണ് തര്‍ക്കപരിഹാര കോടതി 538 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.
ഇതിനെതിരെ ബിസിസിഐ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി സിംഗിള്‍ ജഡ്ജ് ആര് ഐ ചാങ്ല തര്‍ക്കപരിഹാര കോടതി വിധി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്. ബി.സി.സി.ഐ.യുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വര്‍ഷം തോറുമുള്ള 156 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാത്തതിനാണ് 2011 സെപ്റ്റംബറില്‍ കൊച്ചി ടീമിനെ പുറത്താക്കിയത്. ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും എതിര്‍പ്പ് അവഗണിച്ചായിരുന്നു പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹർ ടസ്കേഴ്സിനെ പുറത്താക്കിയത്. ടസ്കേഴ്സിനെ ഐപിഎല്ലില്‍ കളിപ്പിച്ച് നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കണമെന്ന് ബിസിസിഐയിലെ ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും ഇത് അവഗണിച്ചായിരുന്നു ശശാങ്ക് മനോഹറിന്റെ തീരുമാനം.
Content: Setback for BCCI; Bombay High Court orders Kochi Tuskers to pay Rs 538 crore






