ഇന്റര്‍വ്യൂ ഓക്കെ എന്ന് അനീഷ് ഉപാസന സമ്മതിച്ചെങ്കിലും പിന്നീടാണ് ഞാന്‍ ബോധമനസ്സിലേക്ക് വന്നത്. അനീഷ് ഉപസാന സംവിധായകനാണ്, നമ്മുടെയൊക്കെ പ്രീയപ്പെട്ട ലാലേട്ടന്റെ (മോഹന്‍ലാല്‍) പേഴ്സണല്‍ ഫോട്ടോഗ്രാഫറാണ്. ഇത് മാത്രം അറിയാമായിരുന്ന എനിക്ക് ഉള്ളിലാകെ ഭയം തോന്നി. സന്തോഷിക്കണം എന്നുണ്ട് എന്നാല്‍ നല്ല പേടിയുമുണ്ട്.

എങ്ങനെ സംസാരിക്കും എന്ത് സംസാരിക്കും എന്നൊക്കെ അലോചനയായി പിന്നീട്. മറ്റൊന്നും ആലോചിക്കാതെ സകല ദൈവങ്ങളേയും മനസില്‍ വിചാരിച്ച് യൂട്യൂബില്‍ അഭയം പ്രാപിച്ചു. അദ്ദേഹത്തിന്റെ മുന്‍കാല ഇന്റര്‍വ്യൂകള്‍ നിരന്തരം കണ്ടു. ജോലികഴിഞ്ഞെത്തിയാല്‍ റൂമിലിരുന്നും കൂടുതല്‍ കൂടുതല്‍ വീഡിയോകള്‍ കണ്ടെത്തി മനസ്സിലെ പേടിയുടെ അളവ് ചെറുതായൊന്ന് കുറച്ചു. അങ്ങനെ വീഡിയോകളിലൂടെ പതിയെ പതിയെ അനീഷ് ചേട്ടന്‍ വളരെ കൂള്‍ ആയി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാളാണെന്ന് മനസ്സിലാക്കി. വീഡിയോ കണ്ട് അടുപ്പം തോന്നിയത് കൊണ്ടാകാം ഇന്റര്‍വ്യൂവിന്റെ ആവശ്യങ്ങള്‍ക്ക് രണ്ട് തവണ ഫോണില്‍ സംസാരിച്ചപ്പോള്‍ അകലം കുറഞ്ഞു വരുന്നതായി തോന്നി. തിരിച്ചും വളരെ ഫ്രീയായിട്ടുള്ള മറുപടികൂടി കിട്ടിയപ്പോള്‍ ആശങ്കകള്‍ക്ക് വിരാമമായി.

അങ്ങനെ പറഞ്ഞുറപ്പിച്ചത് പ്രകാരം മെയ് 26 ന് 11 മണിക്ക് ശേഷം അനീഷ് ചേട്ടന്‍ വൈറ്റ്സ്വാന്‍ ടി വി ന്യൂസിന്റെ സ്റ്റുഡിയോയിലേക്ക് വരുമെന്ന് അറിയിച്ചു. മെയ് 26 എനിക്ക് വ്യക്തിപരമായി ഏറെ പ്രാധാന്യമുള്ള ദിനം കൂടിയാണ്. എന്റെ ജന്മദിനവും അന്ന് തന്നെയായിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. പതിവുപോലെ രാവിലെ ഓഫീസിലെത്തി ഗസ്റ്റിനെ വിളിച്ച് കാര്യങ്ങള്‍ കൃത്യമാക്കി. പറഞ്ഞതുപോലെ കൃത്യസമയത്ത് തന്നെ അദ്ദേഹം സ്റ്റുഡിയേയിലെത്തി. കുറച്ചു സമയം നേരിട്ടുള്ള പരിചയപ്പെടലിനു ശേഷം ഇന്റര്‍വ്യു ആരംഭിച്ചു. സംസാരിച്ചു തുടങ്ങിയപ്പോള്‍ ഒരു ഇന്റര്‍വ്യൂ അണെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. അതിനിടയില്‍ എല്ലാവരും അനീഷ് ഉപാസനയില്‍ നിന്നും കേള്‍ക്കാനാഗ്രഹിക്കുന്ന ലാലേട്ടന്റെ വിവരങ്ങള്‍ അറിയാന്‍ ആകാംഷയോടെ കേട്ടിരുന്നു. ആ മനുഷ്യന്റെ കണ്ണില്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയോടുള്ള സ്നേഹം കണ്ട് ഞാന്‍ അത്ഭുതത്തോടെ നോക്കി. ലാല്‍ സാര്‍ എന്ന് വിളിക്കുമ്പോഴും ആ വിളിയില്‍ നിഴലിക്കുന്ന സ്നേഹം കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ലാലേട്ടന്റെ ചിരിയും അദ്ദേഹത്തിന്റെ വിരലുകളും അദ്ദേഹത്തിന്റെ സംസാര രീതിയുമടക്കം അനീഷ് ഉപാസനയുടെ കണ്ണിലൂടെ ഞാനും കണ്ടു… ഒരു ലാലേട്ടനെ. ഇതിനൊക്കെ ശേഷണാണ് മോഹന്‍ലാല്‍ നടനവിസ്മയത്തിന്റെ കൈവിരലുകള്‍ പോലും ശ്രദ്ധിച്ചു തുടങ്ങിയത്. നമുക്കെല്ലാം ലാലേട്ടനെ ഇഷ്ടമാണ്. അത് ലാലേട്ടനോടുള്ള മുഴുവനായുള്ള ഇഷ്ടമാണ്. പക്ഷെ അത് വിവരിക്കാനോ അത്രമാത്രം സ്നേഹിക്കാനോ അറിയില്ലായിരിക്കാം. ഇങ്ങനെ അഗാധമായി സ്നേഹിക്കുന്ന വേറെയുമാളുകളുണ്ടാകാം. എന്നാല്‍ അത് അനുഭവിച്ചറിഞ്ഞിട്ടില്ല… കണ്ടിട്ടുമില്ല… അതുകൊണ്ട് തന്നെയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചതും…




