വാഷിങ്ടൻ : എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് ഉയർത്തി യുഎസ്. 1,00,000 ഡോളർ വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള ഉത്തരവിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ ആശ്രയിക്കുന്നതു പ്രധാനമായും എച്ച്1ബി വീസയാണ്. ഇന്ത്യയിൽനിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയും കുടിയേറ്റം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
യുഎസ് പൗരന്മാരെയും സ്ഥിരതാമസക്കാരെയും കൊണ്ട് പരിഹരിക്കാൻ പ്രയാസമുള്ള ഉയർന്ന വൈദഗ്‌ദ്ധ്യമുള്ള ജോലികൾക്കായി മികച്ച വിദേശികളെ കൊണ്ടുവരാനാണ് എച്ച്1ബി വിസകളിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നീക്കത്തെ ടെക് വ്യവസായം എതിർക്കില്ലെന്ന് ട്രംപ് വ്യക്‌തമാക്കി. അവർ വളരെ സന്തോഷത്തിലായിരിക്കുമെന്ന് താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കമ്പനികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട്. ഈ പ്രഖ്യാപനം അമേരിക്കയ്‌ക്ക് നല്ല തൊഴിലാളികളെ ലഭിക്കുമെന്ന് ഉറപ്പാക്കും’ – ട്രംപ് പറഞ്ഞു.




