കോഴിക്കോട് :കുന്ദമംഗലത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിൽ പാലക്കാട് എംൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പരാതിയെ കുറിച്ച് വടകര എം പി ഷാഫി പറമ്പിൽ പ്രതികരിച്ചു.
രാഹുൽ നിയമപരമായി നടപടികൾ തുടരുന്നതായി ഷാഫി പറമ്പിൽ അറിയിച്ചു. മുൻകൂർ ജാമ്യഹർജി നൽകിയത് നിയമ നടപടികളുടെ ഭാഗം മാത്രമാണെന്നും, വിഷയം നിയമപരമായി തീർപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ സി.പി.എം പ്രവർത്തനങ്ങളെതിരെ ഷാഫി പറമ്പിൽ കടുത്ത വിമർശനങ്ങളും ഉന്നയിച്ചു. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം പ്രതിരോധത്തിലാണെന്നും, ധാർമികത പാഠം പഠിപ്പിക്കുന്നവർ സ്വന്തം തെറ്റുകൾ പരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിൽ ഇത്തരം സംഭവം കോൺഗ്രസ് നേതാവിനോട് ബന്ധപ്പെട്ടിരുന്നെങ്കിൽ സി.പി.എം ശക്തമായ പ്രതിഷേധം തീർത്തേനെയെന്നും അഭിപ്രായപ്പെട്ടു.
ജയിലിൽ കഴിയുന്ന സി.പി.എം നേതാക്കളെക്കുറിച്ച് പാർട്ടി ഒരു നടപടിയും എടുക്കുന്നില്ലെന്നതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ കോൺഗ്രസിനെ തകർക്കാൻ സി.പി.എം–ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
ഇതിനിടെ, ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ചതായി അറിയുന്നു. പരാതിക്കാരിയുമായി ദീർഘകാല സൗഹൃദബന്ധമുണ്ടായിരുന്നെങ്കിലും ബലാത്സംഗമോ ഗർഭഛിദ്രനിർബന്ധമോ നടത്തിയിട്ടില്ലെന്നതാണ് രാഹുലിന്റെ വാദം. അന്വേഷണം നേരത്തെ തന്നെ സഹകരിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടും പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. ഈ ഹർജി തിങ്കളാഴ്ച കോടതിയിൽ പരിഗണിക്കും.










