കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി പിതാവ് ഇഖ്ബാല്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇഖ്ബാല്‍ പറഞ്ഞു. പ്രതികളായ കുട്ടികള്‍ക്ക് ഇത്ര വേഗം ജാമ്യം കിട്ടിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
വിധി വേദനാജനകമാണ്, ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. കുട്ടികൾക്ക് പഠനത്തിന് അവസരം ഒരുക്കിയ സർക്കാറിനോടും ഹൈക്കോടതി വിധിയോടും അമർഷമുണ്ട്. കോപ്പിയടിച്ചാൽ മൂന്ന് വർഷം ഡീബാറും പരീക്ഷ എഴുതാനും പറ്റാത്ത സ്ഥലത്താണ് കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് തുടർപഠനത്തിന് അവസരം നൽകിയിരിക്കുന്നത്. ഈ കുട്ടികൾ ഏത് വിദ്യാലയത്തിലാണോ പ്രവേശനം നേടുന്നത് അവിടെയുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾ ശക്തമായ ഭാഷയിൽ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളായ കുട്ടികളെ തൂക്കിക്കൊല്ലാന്‍ അല്ല താന്‍ ആവശ്യപ്പെടുന്നത്. രണ്ട് വര്‍ഷമെങ്കിലും, കേസ് വിചാരണ തീരുന്നത് വരെയെങ്കിലും ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ച് അവരെ നല്ല നടപ്പ് പഠിപ്പിക്കണം എന്നാണ് പറയുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയോ മന്ത്രി റിയാസോ ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ഇഖ്ബാല്‍ പറഞ്ഞു. കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



