ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ദുബായ് മീഡിയ ഓഫീസാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.
വിയോഗത്തെ തുടർന്ന് ദുബായിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവിൽ എമിറേറ്റിലുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പതാകകൾ പകുതി താഴ്ത്തി കെട്ടും.
സഹോദരന്റെ വിയോഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. സഹോദരൻ പ്രാർത്ഥനകളിലും ഹൃദയങ്ങളിലും എന്നും ജീവിക്കുമെന്നും അദ്ദേഹത്തിന് സ്വർഗീയ അനുഗ്രഹം ലഭിക്കട്ടെയെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ യുഎഇയിലെ വിവിധ ഭരണാധികാരികളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.












