കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. ഷൈൻ്റെ വീട്ടിലെത്തിയാവും നോട്ടീസ് നൽകുന്നത്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെടും.
ഷൈനെ തേടി തമിഴ്നാട്ടിലേക്ക് പോകേണ്ട കാര്യമില്ലെന്നും കൊച്ചി സിറ്റി പോലീസ് വ്യക്തമാക്കി. നടൻ തമിഴ്നാട്ടിലാണെന്നാണ് ഷൈൻ ടോം ചാക്കോയുടെ ടവർ ലൊക്കേഷൻ അനുസരിച്ചു നടൻ പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. എന്നാൽ പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് പോലീസ് വ്യക്തമാക്കി.
നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ ഡാൻസാഫ് സംഘം എത്തിയത്. ഇയാൾ ഷൈന്റെ മുറിയിൽ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഡാൻസാഫ് സംഘം അകത്തുകയറിയത്. റൂം സർവീസെന്ന് പറഞ്ഞാണ് ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചത്. ഇവിടെ സർവീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.
അതേസമയം, ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പോലീസ് പറഞ്ഞു. ബൈക്കിലാണ് നടൻ ഹോട്ടലിലേക്ക് എത്തിയത്. ഷൈനിനെ ഹോട്ടലിൽ എത്തിച്ച ബൈക്ക് യാത്രികനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പിന്നീട് നടൻ ഓൺലൈൻ ടാക്സിയിൽ കടന്നു കളയുകയായിരുന്നു.






