തിരുവനന്തപുരം: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യാതൊരു അക്കാദമിക് ചർച്ചകളും കൂടാതെയാണ് തീരുമാനം എടുത്തതെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
സബ്ജക്ട് മിനിമം ഒഴിവാക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകുമെന്ന് ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മിനിമം മാർക്ക് സംവിധാനം ആദ്യം എട്ടാം ക്ലാസിലും പിന്നീട് ഒമ്പതാം ക്ലാസിലും നിർബന്ധമാക്കിയിരുന്നു.
വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന പഠനശേഷി ഉറപ്പാക്കുന്നതിനുമായി നടപ്പാക്കിയ പദ്ധതിക്ക് ദേശീയതലത്തിൽ പോലും അംഗീകാരം ലഭിച്ചിരുന്നുവെന്നും ശിവൻകുട്ടി അവകാശപ്പെട്ടു. സബ്ജക്ട് മിനിമം ഒഴിവാക്കുന്നതോടെ പരീക്ഷയിൽ വളരെ കുറഞ്ഞ മാർക്ക് നേടിയാലും വിജയിക്കാവുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, പ്ലസ് വൺ ബാച്ച്, സീറ്റ് അലോട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിലെ നടപടികളെക്കുറിച്ച് വകുപ്പ് മന്ത്രി അറിഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനും എയ്ഡഡ് മാനേജ്മെന്റുകൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുമാണ് നീക്കമെന്നും ശിവൻകുട്ടി ആരോപിച്ചു.


