മാസത്തില്‍ 3000 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന ഒരിടനാഴി. ലോകത്തിന്റെ ലോജിസ്റ്റിക്സ് സിരാകേന്ദ്രം. ഇന്നും ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഹോര്‍മൂസില്‍ തന്നെയാണ്, പക്ഷേ ഒരു മാസം മുന്ന് വരെയുള്ള അവസ്ഥയിലല്ല ഇന്ന് എന്നുമാത്രം. ഹോര്‍മൂസിന് അക്കരേയും ഇക്കരേയുമുള്ള പശ്ചിമേഷ്യ യൂദ്ധാഗ്നിയില്‍ പൊരിയുകയാണ്. കടലിടുക്കിന് ചുറ്റം യുദ്ധവിമാനങ്ങളുടെ ഇരമ്പലും മിസൈല്‍ വേധ കപ്പലുകള്‍ ആക്രോശവും എപ്പോള്‍ വേണമെങ്കിലും സകലതും ചാരമാക്കാന്‍ പാകത്തില്‍ വെള്ളത്തിനടിയിലെ മൈനുകളും. ലോകം നിയന്ത്രിക്കുന്ന വന്‍ ശക്തികള്‍ക്ക് പോലും സുരക്ഷിതമായി ഹോര്‍മൂസ് കടക്കാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഇതിനിടെയാണ് 140 കോടിയില്‍ പരം ജനതയുടെ സകല പ്രതീക്ഷയും പേറി ത്രിവര്‍ണ പതാകയുമേന്തിയ ഒരു കപ്പല്‍ കടന്നുപോയിരിക്കുന്നത്.
സംഘര്‍ഷത്തിനിടെ പാചകവാതകവുമായി ഇന്ത്യന്‍ കപ്പലായ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നിരിക്കുകയാണ്. നാവികസേന കപ്പലുകളുടെ അകമ്പടിയോടെയാണ് ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നത്. 40,000 മെട്രിക് ടണ്‍ എല്‍പിജി വഹിക്കുന്ന ശിവാലിക് ഏകദേശം ഏഴ് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയുടെയും ഇറാന്റെയും ഉന്നത നേതൃത്വങ്ങള്‍ തമ്മില്‍ നടത്തിയ നിരവധി റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ണ്ണായ പുരോഗതിയുണ്ടായത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്ന് പുറപ്പെട്ട ശിവാലിക് കപ്പല്‍ നിശ്ചലമായ ഒരു കടലിലെ ഇന്ത്യന്‍ കരുത്ത് എന്ന് തന്നെ പറയാം.
യുദ്ധം തുടങ്ങി പത്താം ദിവസം മുതല്‍ കപ്പലുകളെത്താതെ, പാചകവാതകം കഴിഞ്ഞ് അടുപ്പുകള്‍ നിലച്ച ഒരു മഹാരാജ്യത്തിന് മരുഭൂമിയില്‍ പെയ്ത രണ്ട് തുള്ളി മഴയ്ക്ക് തുല്യം മാത്രമാണ് ഈ പടുകൂറ്റന്‍ കപ്പലെന്ന് പറയുമ്പോള്‍ അറിയാം നാം നേരിടുന്ന പ്രതിസന്ധിയുടെ ആഴം. ഫെബ്രുവരി 28ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഹോര്‍മൂസിന് മുകള്‍ഭാഗത്ത് ചലനമറ്റ നിലയിലായിരുന്നു ഇതുവഴിയുള്ള ഗതാഗതം. 40,000 മെട്രിക് ടണ്‍ എന്നത് ഇന്ത്യയുടെ വെറും ഒരു ദിവസത്തെ മുഴുവന്‍ എല്‍പിജി ആവശ്യങ്ങള്‍ക്കുമുള്ള ഊര്‍ജ ശേഖരത്തിന് തൂല്യമാണ്. അതിനാല്‍ത്തന്നെ ശിവാലിക് എത്തിയത് കൊണ്ട് നമ്മുടെ ജീവിതം സാധാരണ നിലയിലേക്കൊന്നും ആവില്ല എന്നര്‍ത്ഥം. ശിവാലിക്കിന് പിന്നാലെ ‘ജഗ് പ്രകാശ്’ എന്ന ടാങ്കറും ചലിച്ചു തുടങ്ങിയെന്നത് കുറച്ച് ആശ്വാസം നല്‍കും. നന്ദാദേവി എന്ന ടാങ്കറും പുറപ്പെട്ടേക്കുമെന്ന സൂചനയുണ്ട്. ഹോര്‍മുസിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് 24 കപ്പലുകളും കിഴക്കന്‍ ഭാഗത്ത് നാല് കപ്പലുകളും അനുമതി കാത്ത് കിടക്കുന്നുണ്ട്.






