തൃശ്ശൂർ: കുന്നംകുളം പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കാൻ കയറിയ ഷോക്കേറ്റ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്. ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി നിഷാദിന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്.
നാട്ടുകാർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, നിഷാദിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ക്ഷേത്രത്തോട് ചേർന്നുള്ള പൊന്നാരശ്ശേരി വീട്ടിലെ സർവീസ് വയർ, മോഹനന്റെ വീട്ടിലേക്ക് പോകുന്നതിനിടയിൽ മേൽക്കൂരയിലെ ഷീറ്റിൽ തട്ടി നിഷാദിന് വൈദ്യുതാഘാതം നേരിട്ടതായി നാട്ടുകാർ പറഞ്ഞു. ഇവർ വയർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥ അപകടത്തിന് കാരണമായതാണെന്നും ആരോപിക്കുന്നു.






