വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പ് സംഭവം വിവാദങ്ങൾക്ക് ഇടയാക്കി. സംഭവത്തിനിടെ ഉണ്ടായ പരിഭ്രാന്തിക്കിടയിൽ ചിലർ വിലകൂടിയ മദ്യക്കുപ്പികൾ കൈക്കലാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടത്. തുടർന്ന് സുരക്ഷാ ഏജൻസികൾ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഈ സമയത്താണ് സ്ഥലത്തുണ്ടായിരുന്ന ചിലർ സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പികൾ ബാഗുകളിലേക്കും വസ്ത്രങ്ങൾക്കുള്ളിലേക്കും ഒളിപ്പിക്കുന്നതായി കാണിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
സംഭവം പുറത്തുവന്നതോടെ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്തത്തെ കുറിച്ച് വിമർശനം ഉയർന്നു. സുരക്ഷാ ഭീഷണിയുണ്ടായ സാഹചര്യത്തിൽ ചിലർ ഇത്തരത്തിലുള്ള പ്രവൃത്തിയിൽ ഏർപ്പെട്ടത് അമേരിക്കൻ മാധ്യമപ്രവർത്തക സമൂഹത്തിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയാണെന്ന അഭിപ്രായവും ഉയരുന്നു.
ഇതിനിടെ, സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെ ‘വൈൻ-ഗേറ്റ്’ എന്നു വിളിച്ച് വിമർശനങ്ങളും പരിഹാസങ്ങളും വ്യാപകമായി പ്രചരിക്കുന്നു. വിഷയത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ്.




