ന്യൂഡൽഹി: രാജ്യത്തെ നിരവധി പേരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കെണികളായി ലോൺ ആപ്പുകൾ മാറി. പത്തനംതിട്ട സ്വദേശി മുംബൈയിൽ ആത്മഹത്യ ചെയ്തതും, ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയും, പാലക്കാട് കഞ്ചിക്കോട് സ്വദേശി ജീവനൊടുക്കിയതിലും ഇതേ ആപ്പുകളുടെ ഭീഷണി കാരണമായിട്ടുണ്ടെന്ന ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
ഭീഷണി മൂലം നാട്ടിൽ നിന്ന് മാറി നിന്ന വടകര സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത് താനും. നിരവധി കുടുംബങ്ങളെ തകർക്കുകയും നിരപരാധികളുടെ ജീവനെടുക്കുകയും ചെയ്യുന്ന, ഒരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത ഡിജിറ്റൽ ലോൺ ആപ്പുകൾക്ക് മേൽ കർശന നടപടി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ, അനധികൃത ഡിജിറ്റൽ വായ്പകൾ കർശനമായി നേരിടുന്നതിന് ശക്തവും സമഗ്രവുമായ പുതിയ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നൽകിക്കഴിഞ്ഞു.
ഇത്തരം ആപ്പുകൾ നടത്തുന്ന പണം തട്ടൽ, ഡാറ്റ ചോർത്തൽ, സൈബർ അധിക്ഷേപം എന്നിവ ഗുരുതരമായ ജാമ്യമില്ലാക്കുറ്റങ്ങളായി പ്രഖ്യാപിക്കണം. ധനകാര്യ, ഐടി, ആഭ്യന്തര മന്ത്രാലയങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അടിയന്തരമായി ഒരു സംയുക്ത ദൗത്യസംഘം രൂപീകരിച്ച് ഈ ശൃംഖലയെ തകർക്കാനും ഇവരുടെ നിയമവിരുദ്ധമായ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നടപടിയുണ്ടാകണം. ലോൺ ആപ്പുകൾ റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ പലിശ ഈടാക്കുന്നത് തടയുകയും പ്രോസസിംഗ് ഫീസിനും പലിശയ്ക്കും കൃത്യമായ പരിധി നിശ്ചയിക്കുകയും വേണം.
ഉപഭോക്താക്കളുടെ കോൺടാക്റ്റുകൾ, ഗാലറി എന്നിവയിലേക്ക് ആപ്പുകൾക്ക് അനുമതി നൽകുന്നത് കർശനമായി നിരോധിക്കുകയും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ഏജന്റുമാർ നടത്തുന്ന ഭീഷണികളും അശ്ലീല സന്ദേശങ്ങളും തടയാൻ കർശന നിയമം കൊണ്ടുവരികയും വേണം. ഭീഷണിയുമായി രംഗത്തെത്തുന്ന ഇത്തരം ആപ്പുകൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാൻ പ്രത്യേക ഹെൽപ്പ്‌ലൈനോ പോർട്ടലോ കാര്യക്ഷമമാക്കേണ്ടതുമുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ലോൺ ആപ്പുകൾ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് അവയ്ക്ക് റിസർവ് ബാങ്കിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്താൻ ടെക് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകണം. നിയമപരമായ അനുമതിയുള്ള ലോൺ ആപ്പുകളുടെ ഒരു പട്ടിക പൊതുജനങ്ങൾക്ക് പരിശോധിക്കാനായി ഒരു ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ സജ്ജമാക്കണം.
സോഷ്യൽ മീഡിയ വഴിയുള്ള ലോൺ ആപ്പുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കുകയും സെലിബ്രിറ്റികൾ ഇത്തരം ആപ്പുകളെ പ്രൊമോട്ട് ചെയ്യുന്നത് തടയണം, തുടങ്ങിയ ആവശ്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടക്കമുള്ള അടിയന്തര നടപടി കേന്ദ്ര സർക്കാരിൽ നിന്നുണ്ടായില്ലെങ്കിൽ, പാർലമെന്റിലും പുറത്തും ശക്തമായ പോരാട്ടവും ഇടപെടലും നടത്തും. ഇനിയൊരു ജീവൻ കൂടി ഈ കൊള്ളക്കാരാൽ പൊലിയാൻ പാടില്ല.




