റിയാദ്: തെക്കൻ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത്, അഹദ് അൽ റുഫൈദ മേഖലകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പാർപ്പിട കെട്ടിടങ്ങൾക്കും ഏഴ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഞായറാഴ്ചയാണ് സംഭവം. ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി സൈന്യം ആകാശത്തുവെച്ച് തടഞ്ഞുനശിപ്പിച്ചതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിക്കുകയായിരുന്നു.
അപകടത്തിൽ ഒരു സൗദി പൗരനും ഏഷ്യൻ വംശജനായ ഒരു പ്രവാസിക്കുമാണ് പരിക്കേറ്റത്. സിവിൽ ഡിഫൻസ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്രദേശത്തെ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി.
സംഭവത്തെത്തുടർന്ന് ഖമീസ് മുശൈത്ത്, അഹദ് അൽ റുഫൈദ മേഖലകളിൽ സിവിൽ ഡിഫൻസ് വിഭാഗം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചു. അപകടസ്ഥലങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.



