Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വടക്കൻ കേരളത്തിൽ തെയ്യക്കാലത്തിന് തുടക്കം; വിശ്വാസവും പാരമ്പര്യവും ഉണർത്തി തുലാപ്പത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: വടക്കൻ കേരളത്തിന്റെ മണ്ണും മനസ്സും ഉണർത്തി വീണ്ടുമൊരു തുലാപ്പത്ത്. കാവുകളിൽ ചെണ്ടയുടെയും ചേങ്ങിലയുടെയും താളം മുഴങ്ങിത്തുടങ്ങിയതോടെ കോലത്തുനാട്ടിൽ കളിയാട്ടക്കാലത്തിനും തുടക്കമായി. തളിപ്പറമ്പ് കൊളച്ചേരി ചാത്തമ്പള്ളിക്കാവിൽ വിഷകണ്ഠൻ തെയ്യത്തിന്റെ പുറപ്പാടോടെയാണ് ഇത്തവണത്തെ തെയ്യക്കാലത്തിന് തുടക്കമായത്.

വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിലും വിശ്വാസങ്ങളിലും ആഴത്തിൽ വേരൂന്നിയ തെയ്യം അനുഷ്ഠാനങ്ങളുടെ പ്രധാന കാലമാണ് കളിയാട്ടക്കാലം. കോരപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള കോലത്തുനാട്ടിലെ കാവുകൾ വരും ദിവസങ്ങളിൽ തെയ്യങ്ങളുടെ താളത്തിലും തോറ്റംപാട്ടുകളിലും മുഖരിതമാകും. ചതിയിലും അനീതിയിലും ജീവൻ നഷ്ടപ്പെട്ട മനുഷ്യരുടെ ഓർമകളും നാടിന്റെ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം തെയ്യക്കോലങ്ങളിലൂടെ വീണ്ടും ജീവൻവെക്കുന്നു.

ചിങ്ങമാസത്തിലും തുലാം ഒന്നുമുതലും ചിലയിടങ്ങളിൽ തെയ്യംകെട്ടുകൾ നടക്കുന്നുണ്ടെങ്കിലും തുലാപ്പത്തിനാണ് കളിയാട്ടക്കാലത്ത് പ്രത്യേക പ്രാധാന്യം. തുലാമാസത്തിലെ പത്താമുദയദിനത്തിൽ ചാത്തമ്പള്ളിക്കാവിൽ വിഷകണ്ഠൻ തെയ്യം ഉറഞ്ഞാടുന്നതും ഈ ആചാരത്തിന്റെ ഭാഗമാണ്.

സൂര്യൻ സർവൈശ്വര്യങ്ങളും നൽകുന്ന ദിനമെന്നാണ് തുലാമാസത്തിലെ പത്താമുദയത്തെക്കുറിച്ചുള്ള വിശ്വാസം. മേടം, തുലാം മാസങ്ങളിലെ പത്താമത്തെ ദിവസങ്ങളെ പത്താമുദയം അല്ലെങ്കിൽ പത്താത എന്ന് വിളിക്കുന്നു. മേടവിഷുവും തുലാവിഷുവും പോലെ പത്താമുദയവും രണ്ട് കാലങ്ങളിലുണ്ടെങ്കിലും തുലാമാസത്തിലെ പത്താമുദയമാണ് തുലാപ്പത്ത് എന്ന പേരിൽ പ്രസിദ്ധമായത്.

കാർഷിക ജീവിതവുമായി അടുത്ത ബന്ധമുള്ള ഈ ദിവസം വിത്തിറക്കുന്നതിനും പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിനും ശുഭകരമായാണ് കരുതപ്പെടുന്നത്. നല്ല മുഹൂർത്തം ലഭിക്കാത്തതിനാൽ മാറ്റിവെച്ച പല ചടങ്ങുകളും കാര്യങ്ങളും മുഹൂർത്തം നോക്കാതെ പത്താമുദയദിനത്തിൽ നടത്താറുണ്ടെന്നത് ഈ ദിനത്തിന്റെ പ്രത്യേകതയാണ്.

കന്നുകാലികളും വയലുകളും കാർഷിക പാരമ്പര്യങ്ങളും നിറഞ്ഞ പഴയ ഗ്രാമീണ ജീവിതത്തിന്റെ ഓർമകൾ കൂടിയാണ് ഓരോ പത്താമുദയവും പുതുക്കുന്നത്. കാവുകൾ തുറന്ന് വിളക്കുതെളിച്ച് അനുഷ്ഠാനങ്ങൾ നടത്തുന്നതും ഈ ദിനത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ്.

പത്താമുദയദിനത്തിൽ കാവുകളിൽ പതിവ് അനുഷ്ഠാനങ്ങൾ നടക്കും. വെളിച്ചപ്പാടന്മാർ ദൈവമൊഴികൾ ചൊല്ലുകയും കോലധാരികൾക്കും ആചാരസ്ഥാനികർക്കും അവിൽ, മലർ, ഇളനീർ, പഴം എന്നിവ കൊടിയിലയിൽ നൽകി ആദരിക്കുകയും ചെയ്യും.

തറവാട്ടിലെ പൂജാമുറിയിൽനിന്ന് പകർന്നെടുക്കുന്ന തീ ഉപയോഗിച്ച് കന്നിമൂലയിൽ അടുപ്പുകൂട്ടുന്നതും ആചാരത്തിന്റെ ഭാഗമാണ്. വെള്ളോട്ടുരുളിയിൽ ഉണക്കലരികൊണ്ട് പായസം തയ്യാറാക്കി കാലിച്ചാൻ അഥവാ കാലിച്ചേകവൻ ദൈവത്തിന് നിവേദിക്കുന്ന പതിവുമുണ്ട്.

പണ്ടുകാലത്ത് പത്താമുദയദിനത്തിൽ പുലരുംമുമ്പേ എഴുന്നേറ്റ് കണികാണുകയും കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്തിരുന്നു. വയനാട്ടിലെ കുറിച്യർ ഈ ദിനത്തിൽ ആയോധനകലകളുടെ പ്രദർശനം നടത്താറുണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ സ്ത്രീകൾ ഉദയസൂര്യനെ ലക്ഷ്യമാക്കി കിഴക്കോട്ട് തിരിഞ്ഞ് വിളക്കുകൊളുത്തി വെള്ളിമുറത്തിൽ അരിപ്പൊടി സമർപ്പിക്കുന്ന ചടങ്ങും നിലനിന്നിരുന്നു. ഉദയത്തിനുശേഷം ഈ പൊടികൊണ്ട് പലഹാരങ്ങളുണ്ടാക്കി പ്രസാദമായി കഴിക്കുന്നതായിരുന്നു രീതി.

തെയ്യക്കാലം വടക്കൻ കേരളത്തിന് കേവലം ഒരു അനുഷ്ഠാനകാലം മാത്രമല്ല. നാടിന്റെ ചരിത്രവും സാമൂഹിക ജീവിതവും വിശ്വാസങ്ങളും ഒത്തുചേരുന്ന സാംസ്‌കാരിക ആഘോഷം കൂടിയാണിത്. സാധാരണക്കാരുടെ സങ്കടങ്ങളും സന്തോഷങ്ങളും പ്രതീക്ഷകളും പങ്കിടാൻ ദൈവങ്ങൾ മനുഷ്യരിലേക്കിറങ്ങുന്ന കാലമായാണ് തെയ്യത്തെ വിശ്വാസികൾ കാണുന്നത്.

പുത്തനുടുപ്പുകളും കുടുംബസംഗമങ്ങളും ബന്ധുമിത്രാദികളുടെ ഒത്തുചേരലുകളുമായി ഗ്രാമങ്ങൾ ഉണരുമ്പോൾ മറ്റൊരു ഓണക്കാലത്തിന്റെ അനുഭവമാണ് കളിയാട്ടക്കാലം പകരുന്നത്. ഇടനിലകളില്ലാതെ മനുഷ്യനും ദൈവവും മുഖാമുഖം കാണുന്നുവെന്ന വിശ്വാസവും തെയ്യത്തിന്റെ സാമൂഹിക പ്രസക്തിയെ അടയാളപ്പെടുത്തുന്നു.

മണ്ണും മനുഷ്യനും പ്രകൃതിയും വിശ്വാസവും ഒരുമിച്ചുനിന്നിരുന്ന പഴയ കാലത്തിന്റെ ഓർമകൾ പുതുക്കിക്കൊണ്ട് വീണ്ടുമൊരു തെയ്യക്കാലം വടക്കൻ കേരളത്തിലേക്ക് കടന്നെത്തിയിരിക്കുകയാണ്. കാവുകളിൽ ചെണ്ടമേളം ഉയരുമ്പോൾ നാടിന്റെ പാരമ്പര്യവും സംസ്കാരവും വീണ്ടും ഉണരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix