തിരുവനന്തപുരം: ചിറയിൻകീഴിൽ മരണവീട്ടിൽ അക്രമം; നിരവധി പേർക്ക് പരിക്ക്. മരിച്ചയാളുടെ ഭാര്യയുടെ ബന്ധുക്കളാണ് അക്രമം നടത്തിയതെന്നാണ് പരാതി. കഴിഞ്ഞ 23-ാം തീയതിയാണ് ചിറയിൻകീഴ് സ്വദേശി വിനോദ് വിഷം ഉള്ളിൽച്ചെന്ന് മരിച്ചത്. മരണത്തിന് പിന്നാലെ വിനോദിന്റെ ഭാര്യയുടെ ബന്ധുവും നഗരൂർ സ്വദേശിയുമായ കുട്ടൻ വീട്ടിലെത്തി മുറിയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും കത്തും എടുത്തുകൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്.
സാധനങ്ങൾ തിരികെ ആവശ്യപ്പെട്ടെങ്കിലും കുട്ടൻ നൽകാൻ തയ്യാറായില്ലെന്നാണ് വിനോദിന്റെ വീട്ടുകാരുടെ ആരോപണം. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം വൈകുന്നേരം കുട്ടനും കൂടുതൽ ബന്ധുക്കളും വിനോദിന്റെ വീട്ടിലെത്തി. തുടർന്ന് വാക്കേറ്റവും തർക്കവും അക്രമത്തിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ വിനോദിന്റെ മകനും ബന്ധുക്കളായ സ്ത്രീകൾക്കും പുരുഷന്മാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ വിനോദിന്റെ സഹോദരൻ സന്തോഷും മറ്റ് ബന്ധുക്കളും ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിക്കാരായ ബന്ധുക്കളോട് മോശമായി സംസാരിച്ചെന്നും ആരോപണമുണ്ട്.


