മലയാളികളുടെ പ്രിയപ്പെട്ട കോമഡി എന്റർടെയ്‌നറായ ദിലീപ് ചിത്രം ‘കല്യാണരാമൻ’ വീണ്ടും തിയറ്ററുകളിലേക്ക്. 24 വർഷങ്ങൾക്ക് ശേഷം അത്യാധുനിക സാങ്കേതിക മികവിൽ 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തിലുമാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസായി ചിത്രത്തിന്റെ റീ റിലീസ് പോസ്റ്ററും പുറത്തുവിട്ടു.
2002ൽ പുറത്തിറങ്ങിയ ‘കല്യാണരാമൻ’ സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ ആണ് നിർമിച്ചത്. റിലീസ് ചെയ്ത കാലം മുതൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി മാറിയ കല്യാണരാമൻ, രസകരമായ മുഹൂർത്തങ്ങളും മികച്ച ഹാസ്യരംഗങ്ങളും കൊണ്ടാണ് ഇന്നും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നത്.
രാമൻകുട്ടിയും പോഞ്ഞിക്കരയും വീണ്ടും
ദിലീപിന്റെ രാമൻകുട്ടി കഥാപാത്രവും ഇന്നസെന്റിന്റെയും സലിം കുമാറിന്റെയും ശ്രദ്ധേയമായ പ്രകടനങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഈ കഥാപാത്രങ്ങളും കോമ്പിനേഷനുകളും ബിഗ് സ്ക്രീനിൽ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നേരത്തേ ‘ദേവദൂതൻ’, ‘ചോട്ടാ മുംബൈ’, ‘കിരീടം’ തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഹൈ സ്റ്റുഡിയോസാണ് കല്യാണരാമനെയും 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദമികവിലും ഒരുക്കുന്നത്.
വൻ താരനിരയും ഹിറ്റ് ഗാനങ്ങളും
ദിലീപിനൊപ്പം കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇന്നസെന്റ്, സലിം കുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങി ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ബേണി–ഇഗ്നേഷ്യസ് സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പി. സുകുമാറാണ് ഛായാഗ്രഹണം നിർവഹിച്ചത്. ഹരിഹരപുത്രനാണ് എഡിറ്റർ. പി. ശിവപ്രസാദാണ് പിആർഒ.
പഴയകാല സിനിമകളെ പുതുതലമുറയ്ക്കും തിയറ്റർ അനുഭവത്തിലൂടെ പരിചയപ്പെടുത്തുന്ന റീ റിലീസ് ട്രെൻഡിനൊപ്പം കല്യാണരാമനും എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ ഏറെയാണ്. ചിത്രത്തിന്റെ റീ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.



