ന്യൂഡൽഹി: വ്യാപാരനഷ്ടവും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷനും കത്തയച്ചു. വ്യാപാരനഷ്ടവും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷനും കത്തയച്ചു.
ഉത്സവകാലമായതിനാൽ റാലി നവംബർ പത്തിന് ശേഷമുള്ള മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതല്ലെങ്കിൽ രാംലീല മൈതാനത്തിന് പകരം ബുറാരി ഗ്രൗണ്ടിലോ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലോ റാലി നടത്തണമെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ കത്തിൽ ആവശ്യപ്പെട്ടു.
നവംബർ ഒന്നിലെ റാലിയിൽ ഏകദേശം പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. റാലി കാരണം മേഖലയിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ഉത്സവകാലത്ത് വലിയ കച്ചവടം പ്രതീക്ഷിക്കുന്നതിനാൽ ഏകദേശം 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
റാലിയോടനുബന്ധിച്ച് ഒക്ടോബർ 31നും നവംബർ ഒന്നിനും പ്രദേശത്തെ റോഡുകൾ പൊലീസ് അടയ്ക്കേണ്ടിവരുമെന്നും ഇത് കടകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കുമെന്നും വ്യാപാരികൾ പറയുന്നു.
അതേസമയം, ഡൽഹിയിലെ വ്യാപാരികളോട് തങ്ങൾക്ക് താൽപര്യമുണ്ടെന്നും അവരുടെ ആശങ്കകൾ കേൾക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു. മെട്രോയും റോഡുകളും അടച്ച് സർക്കാർ രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ നടപടിയുമായി ബന്ധപ്പെട്ട പരാമർശങ്ങളും രാഹുൽ ഗാന്ധി നടത്തിയിരുന്നു.



