ലഖ്‌നൗ: അന്ധവിശ്വാസത്തെ തുടർന്ന് പാമ്പുകടിയേറ്റ 13കാരന് ജീവൻ നഷ്ടമായി. ലഖ്‌നൗയ്ക്ക് സമീപമുള്ള പിതാംപൂർ ഗ്രാമത്തിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാർത്ഥിയായ അമിത്തിനെ വ്യാഴാഴ്ച വൈകുന്നേരമാണ് പാമ്പ് കടിച്ചത്. സംഭവം വീട്ടുകാരെ അറിയിച്ചെങ്കിലും, ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കുടുംബം മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു.
മന്ത്രവാദിയുടെ നിർദേശപ്രകാരം കുട്ടിയെ മുളവടികളിൽ കെട്ടി ഗംഗാ നദിയിൽ ഏകദേശം 12 മണിക്കൂറോളം മുക്കി നിർത്തി. ഗംഗാനദി കുട്ടിയെ സുഖപ്പെടുത്തുമെന്നായിരുന്നു മന്ത്രവാദിയുടെ വാദം. ദീർഘനേരം കഴിഞ്ഞിട്ടും കുട്ടി അനങ്ങാതെ വന്നതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും, ഇതിനകം മരണം സംഭവിച്ചിരുന്നതായി സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം നദിയിലേക്ക് എറിയാൻ കുടുംബം ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.




