കോഴിക്കോട്: മെഡിക്കൽ കോളേജ് ഗ്രേഡ് എസ്‌ഐ അനിൽ കുമാറിനെയും കുടുംബത്തെയും ആക്രമിച്ചതായി രജിസ്റ്റർ ചെയ്ത കേസിൽ പുതിയ വഴിത്തിരിവ്. പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് സൈനിക ഉദ്യോഗസ്ഥൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
ഉത്തർപ്രദേശിലെ 194 മീഡിയം റെജിമെന്റിൽ ഹവീൽദാറായ പി.കെ. പ്രജിത്താണ് ഡിജിപിക്ക് പരാതി നൽകിയത്. വിഷയത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സൂചനയുണ്ട്.
ഗ്രേഡ് എസ്‌ഐ അനിൽ കുമാറും കുടുംബവും സഞ്ചരിച്ച കാറിനെ ആക്രമിക്കുകയും മകളുടെ ഒരു പവൻ സ്വർണാഭരണം മോഷ്ടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, എസ്‌ഐ തന്റെ പദവി ദുരുപയോഗം ചെയ്ത് തനിക്കും സുഹൃത്തുകൾക്കും എതിരെ വ്യാജ കേസ് നൽകിയതാണെന്ന് പ്രജിത് ആരോപിച്ചു. ചെറുകുളത്ത് വാഹന ഗതാഗത തടസ്സത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഭവങ്ങൾക്ക് കാരണമായതെന്നും, വാഹനം പിറകോട്ട് എടുക്കാൻ ആവശ്യപ്പെട്ടതോടെ തർക്കം രൂക്ഷമായതായും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.




