തൃശൂര്‍: മാതാപിതാക്കളെ ആക്രമിച്ച് സ്വര്‍ണ മാലയുമായി കടന്നുകളഞ്ഞ മകന് അറസ്റ്റില്‍. മറ്റത്തൂര്‍ ഐപ്പുട്ടിപ്പടി സ്വദേശി സുരേഷിനെ (52) ആണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മറ്റത്തൂര്‍ ഐപ്പുട്ടിപ്പടി സ്വദേശി പാറപറമ്പില്‍ വീട്ടില്‍ രാമു (74) വിനെയും ഭാര്യ വാസന്തിയെയും മൂത്ത മകനായ സുരേഷ് വീട്ടില്‍ വെച്ച് അസഭ്യം പറയുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് വീടിന്റെ അകത്ത് കയറി കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് റൂമിലെ അലമാരക്കകത്ത് സൂക്ഷിച്ചിരുന്ന രണ്ടേമുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്നു. സംഭവത്തിന് വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയ്യില്‍ നിന്ന് മതിലകം പടിഞ്ഞാറേ വെമ്പല്ലൂരിലുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ 20000 രൂപക്ക് സ്വര്‍ണ മാല പണയം വെച്ചതിന്റെ രസീത് പിടിച്ചെടുത്തിട്ടുണ്ട്.
രാമുവും ഭാര്യയും ജാതി മുറിഞ്ഞെടുത്ത് വില്‍പ്പന നടത്തുന്ന ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് മൂന്ന് മക്കളാണ്. മകള്‍ എറിയാടും രണ്ടാമത്തെ മകന് കൊടുങ്ങല്ലൂരിലുമാണ് കുടുബമായി താമസിക്കുന്നത്. മൂത്ത മകന് സുരേഷ് വിവാഹിതനാണ്. ഇയാളുടെ ഭാര്യയും മക്കളും സുരേഷുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. സുരേഷ് കാര്യമായ ജോലിക്കൊന്നും പോകുന്നില്ല. അച്ഛന്റെയും അമ്മയുടെയും ചെലവിലാണ് കഴിയുന്നത്. ആഗസ്റ്റ് 23 ന് രാത്രിയിലാണ് സുരേഷ് അച്ഛനോട് പണം ആവശ്യപ്പെട്ട് അസഭ്യം പറയുകയും പറയുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തത്.





