സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെതിരെ നല്‍കിയ അപ്പീലുകൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ അഭിഭാഷകന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുടർന്നാണ് ഹൈക്കോടതിയുടെ ഈ നടപടി. എംഎം ലോറന്‍സിന്റെ പെണ്‍മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും വിഷയത്തിന് സിവില്‍ സ്വഭാവമെന്നുമായിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കാനാവില്ലെന്നും മരിച്ചയാള്‍ക്ക് അല്‍പമെങ്കിലും ആദരവ് നല്‍കണമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.




