മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയിന്‍ ഫൈനലില്‍. സെമിയിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്. യുവതാരം ലാമിന്‍ യമാല്‍ ഇരട്ട ഗോളാണ് ടീമിന് കരുത്തായത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും.
22ാം മിനിറ്റില്‍ നിക്കോ വില്യംസിന്റെ ഗോളിലൂടെ ലീഡെടുത്ത സ്‌പെയിന്‍ മൂന്ന് മിനിറ്റിനകം മൈക്കല്‍ മെറീനോയിലൂടെ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച സ്‌പെയിന്‍ രണ്ടാം പകുതിയലും ആഞ്ഞടിച്ചു. 54ാം മിനിറ്റില്‍ ലാമിന്‍ യമാലാണ് പെനല്‍റ്റിയിലൂടെ സ്‌പെയിനിന്റെ ലീഡുയര്‍ത്തിയത്. 55-ാം മിനിറ്റില്‍ നാലാം ഗോളും നേടി സ്‌പെയിന്‍ ഫൈനല്‍ കടമ്പ കടന്നെന്ന് കരുതിയെങ്കിലും പിന്നീട് ഫ്രാന്‍സിന്റെ അതിശക്തമായ തിരിച്ചുവരവിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്.
59ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഫ്രാന്‍സ് ഒരു ഗോള്‍ മടക്കി. എന്നാല്‍ 67ാം മിനിറ്റില്‍ യമാല്‍ വീണ്ടും വലകുലുക്കി. ഇതോടെ സ്‌പെനിന്റെ ലീഡ് നാലു ഗോളായി. 79-ാം മിനിറ്റില്‍ റിയാന്‍ ചെര്‍ക്കി ഫ്രാന്‍സിനായി ഒരു ഗോള്‍ കൂടി മടക്കി. 84-ാം മിനിറ്റില്‍ ഡാനി വിവിയന്റെ സെല്‍ഫ് ഗോള്‍ സ്‌പെയിനിനെ വീണ്ടും ഞെട്ടിച്ചു. ഇഞ്ചുറി ടൈമില്‍(90+3) കോളോ മുവാനി ഒരു ഗോള്‍ കൂടി അടിച്ച് ഫ്രാന്‍സിന്റെ തോല്‍വിഭാരം കുറച്ചു.
കളിയുടെ അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ഫ്രാന്‍സ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സ്പാനിഷ് പ്രതിരോധനിര പിടിച്ചു നിന്നു. ഞായറാഴ്ട മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് കീരിടപ്പോരാട്ടം. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച പോര്‍ച്ചുഗലാണ് ഫൈനലില്‍ സ്‌പെയിനിന്റെ എതിരാളികള്‍.






