പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു നൽകിയ പരാതിയിൽ അടൂർ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.
തന്റെ പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്താനും ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന വ്യക്തിയാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചെന്നാണ് ഉദയഭാനുവിന്റെ പരാതിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എഫ്ഐആറിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ.പി. ഉദയഭാനു വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഇതിന് പിന്നാലെയാണ് ഉദയഭാനു പൊലീസിനെ സമീപിച്ചത്. നേരത്തെ സിപിഐയിലായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




