ഇടുക്കി: പൂജവയ്പുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളുടെ മറവിൽ ഇടുക്കി കുടയത്തൂരിൽ അനധികൃത ഖനനം. 2022ൽ ഉരുൾപൊട്ടലുണ്ടായി അഞ്ചുപേർ മരിച്ച ദുരന്തമേഖലയ്ക്ക് സമീപത്തുനിന്നാണ് വ്യാപകമായി പാറ പൊട്ടിച്ച് കടത്തിയത്. അപകടസാധ്യതയുള്ള പ്രദേശത്ത് വൻതോതിൽ ഖനനം നടത്തിയതോടെ നാട്ടുകാർ ആശങ്കയിലാണ്. അനുമതിയില്ലാതെ നടത്തിയ ഖനനം നാട്ടുകാർ ഇടപെട്ട് തടഞ്ഞു.
2022 ഓഗസ്റ്റ് 28ന് കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലാണ് കുടയത്തൂരിൽ അഞ്ചുപേർ മരിച്ചത്. ഈ ദുരന്തമേഖലയ്ക്ക് സമീപമാണ് ഇപ്പോൾ അനധികൃത ഖനനം നടന്നത്. കുടയത്തൂർ സ്വദേശി തെരുവക്കാട്ടിൽ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഖനനം നടന്നത്. ഇയാൾ നൽകിയ കരാറിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി പാറ പൊട്ടിച്ചതെന്നാണ് വിവരം.
ഖനനത്തിനായി പഞ്ചായത്തിന്റെയോ ഖനന-ഭൂവിജ്ഞാന വകുപ്പിന്റെയോ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് ആരോപണം. ഇവിടെനിന്ന് പൊട്ടിച്ച പാറ ലോറികളിൽ കയറ്റി പുറത്തേക്ക് കടത്തിയെന്നും നാട്ടുകാർ ആരോപിക്കുന്നു. പൂജവയ്പുമായി ബന്ധപ്പെട്ട അവധി ദിവസങ്ങൾ മുതലെടുത്താണ് ഖനനം നടത്തിയതെന്നാണ് ആരോപണം.
സമീപപ്രദേശമായ അടൂർ മലയിൽ രണ്ടുമാസം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചിരുന്നു. മഴ ശക്തമാകുമ്പോൾ പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ആളുകളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കാറുമുണ്ട്. ഇത്തരത്തിൽ വലിയ ദുരന്തസാധ്യത നിലനിൽക്കുന്ന മേഖലയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് അനധികൃത ഖനനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




