തിരുവനന്തപുരം: കേരളം വീണ്ടും പരീക്ഷ ചൂടിലേക്ക്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം 4,18,516 വിദ്യാര്‍ഥികളാണ് നാളെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 26,000ത്തോളം അധ്യാപകരെ നിയമിച്ച് മൂല്യനിര്‍ണയം, ഏപ്രില്‍ 7ന് ആരംഭിച്ച് ഏപ്രില്‍ 28ന് പൂര്‍ത്തീകരിക്കും. മേയ് എട്ടിനാണ് പരീക്ഷാ ഫലപ്രഖ്യാപനം.
4,37,854 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഒന്നാംവര്‍ഷ പരീക്ഷ എഴുതുന്നത്. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മറ്റന്നാളാണ് തുടങ്ങുക. 4,79,263 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നത്. ഇന്‍വിജിലേറ്റര്‍മാരായി 29,000ത്തോളം അധ്യാപകരെ നിയോഗിക്കും. 89 ക്യാമ്പുകളിലായി ഏപ്രില്‍ 6 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും. മെയ് 22ന് ഫലപ്രഖ്യാപനം നടത്തും. അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ഗള്‍ഫ് മേഖലയിലെ പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്.






