കോട്ടയം: സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ, തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ മാത്രം പുതിയ വാഗ്ദാനങ്ങൾ നൽകുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള പ്രായോഗികമായ ഒരു നിർദ്ദേശവും ബജറ്റിലില്ല. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അവ നടപ്പിലാക്കാനുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താതെ പദ്ധതികൾ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചുള്ള വെറും പ്രഹസനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരോട് സർക്കാർ കാട്ടുന്ന വഞ്ചന ബജറ്റിൽ പ്രകടമാണെന്നും എം.പി ചൂണ്ടിക്കാട്ടി. പത്ത് വർഷം മുൻപ് റബ്ബറിന് 250 രൂപ താങ്ങുവില നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ഇതുവരെ നടപ്പിലായിട്ടില്ല. ഈ ബജറ്റിലും അതുസംബന്ധിച്ച ഉറച്ച തീരുമാനങ്ങളൊന്നുമില്ല. നെല്ലിന്റെ കാര്യത്തിലും കർഷകർ അവഗണിക്കപ്പെടുകയാണ്. കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിച്ചിട്ടും അതിന് ആനുപാതികമായ വിഹിതം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് കർഷകരോടുള്ള വഞ്ചനയാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.






