തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഘട്ടമായിട്ടും വിപുലമായ പരിപാടികളോടെ തുടങ്ങുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് വൻ വിമർശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൻ വിമർശനങ്ങൾക്കിടയിലും സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് കാസർഗോഡ് തുടക്കമായിരിക്കുകയാണ്. അതിനിടെ ഈ ഘട്ടത്തിലും ചർച്ചയാകുന്നത് ആഘോഷത്തിന്റെ കണക്കുകളാണ്. പരിപാടിക്കായി മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം ചെലവ് 15 കോടിയിലേറെയെന്നാണ് വിലയിരുത്തൽ . പരിപാടികൾക്കായി ഓരോ ജില്ലയിലും ഒന്നരക്കോടിവെച്ച് 20 കോടിയിലേറെ ചെലവാക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
അതേസമയം പ്രചാരണത്തിനും മറ്റു ചെലവുകൾക്കുമായി 27 കോടി നേരത്തേ അനുവദിച്ചിരുന്നു. ഇത് പിആർ വകുപ്പാണ് കൈകാര്യം ചെയുന്നത് . മാത്രമല്ല ഇത്തവണ 11 ഇവന്റ് മാനേജ്മെന്റ് കമ്പനികൾക്കാണ് കരാർ നൽകിയിരിക്കുന്നത് . രണ്ടാംവാർഷികത്തിന് ജില്ലയൊന്നിന് ഏകദേശം 1.29 കോടി ചെലവായെന്നാണ് കണക്ക്. കൂടാതെ ഏഴുദിവസമാണ് ജില്ലകൾതോറും ‘എൻ്റെ കേരളം’ പ്രദർശനം. പ്രദർശന-വിപണന മേളയ്ക്ക് സ്റ്റാളുകൾക്കും മറ്റുമായി എയർ കണ്ടീഷൻചെയ്ത കൂറ്റൻ പന്തൽ വേണം. വാർഷികാഘോഷത്തിന് തുടക്കമാകുന്ന കാസർകോട് 48,000 ചതുരശ്രയടി പന്തലാണ് തയ്യാറാക്കിയിരിക്കുന്നത്.






