തിരുവനന്തപുരം: കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ശാസ്ത്രീയ ബന്ധമില്ല എന്നതാണ് അധികൃതർ കണ്ടെത്തിയത്. ബസുകളുടെ നിറം മാറ്റണമെങ്കിൽ സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതാണ്.
പാലക്കാട് വടക്കഞ്ചേരിയിൽ 2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചതിനെ തുടർന്ന് കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം നിർബന്ധമായിരുന്നു.
പുതിയ നിർദ്ദേശത്തിൽ ബസുകളിലെ വലിയ പോസ്റ്ററുകൾ, ബഹുവർണ ഗ്രാഫിക്സ്, അമിത ലൈറ്റ്, ഡാൻസ് ഫ്ലോർ, ശബ്ദമികവുള്ള മ്യൂസിക് സിസ്റ്റങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് പറയുന്നു. ഇത് മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാതിരിക്കുകയും, റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് സഹായകരമാകുമെന്ന് അതോറിറ്റി വിശദീകരിച്ചു.






