കൂത്തുപറമ്പ്: വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ് ആക്രമണം. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം മസ്ഹർ വീട്ടിൽ സുഹറയുടെ വീടിനെ ലക്ഷ്യമിട്ടാണ് ബോംബ് എറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ബോംബ് വീടിന്റെ മുൻവശത്തെ ജനൽചില്ലിൽ തട്ടിയെങ്കിലും പൊട്ടിയില്ല. ശബ്ദം കേട്ട് വീട്ടിലുള്ളവർ എഴുന്നേറ്റ് നോക്കിയപ്പോഴാണ് സംഭവം മനസ്സിലായത്.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. റോഡിലൂടെ നടന്ന് വന്ന ഒരാൾ ബോംബ് എറിഞ്ഞ് ഓടി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.




