തൃശ്ശൂർ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളിനോട് ചേർന്നുള്ള മിനി ഓഡിറ്റോറിയത്തിലെ മുറിയിൽ ഒരു തെരുവുനായ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതാണ് ആശങ്കയ്ക്ക് കാരണം.
കഴിഞ്ഞ ദിവസം സ്കൂളിലേക്ക് എത്തുകയായിരുന്ന ഒരു വിദ്യാർത്ഥിയെ ഇതേ പ്രദേശത്തെ നായ കടിച്ചിരുന്നു. തുടർന്ന് നായയെ ചത്തനിലയിൽ കണ്ടെത്തുകയും നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ സ്കൂൾ പരിസരത്തെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമായി.
സ്കൂളിന് ചുറ്റും തെരുവുനായകളുടെ ശല്യം വർധിച്ചതോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭയമില്ലാതെ സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്നാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് അവധി പ്രഖ്യാപിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും പ്രദേശവാസികളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തെരുവുനായയെ പിടികൂടി സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആലോചിച്ചുവരികയാണ്.







