തിരുപ്പൂർ: തിരുപ്പൂരിനടുത്ത് ദളവായ്‌പാളയത്ത് വീട്ടിൽ പ്രസവിച്ചതിനെത്തുടർന്ന് അമിതരക്തസ്രാവമുണ്ടായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കർഷകനായ കുളന്തൈസാമിയുടെ ഭാര്യ ശശികല (32)യാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഈ മാസം 24-നാണ് ശശികല പ്രസവിച്ചത്. ആദ്യ പ്രസവം സിസേറിയൻ ആയിരുന്നതിനാൽ, രണ്ടാമത്തെ പ്രസവം സ്വാഭാവികമായി നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ തീരുമാനം. തുടർന്ന് യൂട്യൂബ് വീഡിയോ കണ്ടാണ് പ്രസവരീതികൾ മനസ്സിലാക്കിയതെന്നും ഭർത്താവും അദ്ദേഹത്തിന്റെ മാതാവും ചേർന്ന് വീട്ടിൽവെച്ച് പ്രസവം നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രസവത്തിൽ ആൺകുഞ്ഞ് ജനിച്ചെങ്കിലും ശശികലയ്ക്ക് ഗുരുതരമായ അമിതരക്തസ്രാവം ഉണ്ടായി. തുടർന്ന് പെരുന്തുറൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഊത്തുകുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഭർത്താവിനെയും അദ്ദേഹത്തിന്റെ അമ്മയെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.








