കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഹൗസ് സർജനായ ഡോക്ടർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ സമ്പർക്കപ്പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയതായി ജില്ലാ ആരോഗ്യ അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച ആരോഗ്യവകുപ്പ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രത്യേക നിരീക്ഷണത്തിലാക്കി ചികിത്സ ഉറപ്പാക്കുമെന്ന് അറിയിച്ചു.
ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന കുടലിലെ അണുബാധയാണ് ഷിഗെല്ലോസിസ്. കടുത്ത വയറിളക്കമാണ് പ്രധാന രോഗലക്ഷണം. സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത പക്ഷം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും രോഗം കൂടുതൽ അപകടകാരിയായേക്കും.
മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല പ്രധാനമായും പകരുന്നത്. ഭക്ഷണം തയ്യാറാക്കുന്നവരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്തിടെ ഷിഗെല്ല കേസുകൾ വർധിച്ചുവരുന്നത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.





