ന്യൂഡൽഹി: ഡൽഹി കൽകാജി എക്സ്റ്റൻഷനിലെ റെസിഡൻഷ്യൽ അപാർട്ട്‌മെന്റിൽ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. തെക്കുകിഴക്കൻ ഡൽഹിയിലെ ആശാ കിരൺ അപാർട്ട്‌മെന്റിലാണ് സംഭവം നടന്നത്.
പതിനാലു നിലകളുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന കുട്ടി ഇന്നലെ രാത്രി ഏകദേശം 10.30ഓടെയാണ് ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകുന്നേരം നേരത്തെ ഉറങ്ങിയ കുട്ടി പിന്നീട് ഉണർന്നപ്പോൾ അമ്മയെ സമീപത്ത് കാണാതായതിനെ തുടർന്ന് ബാൽക്കണിയിലേക്ക് പോയതാണെന്ന് പൊലീസ് പറയുന്നു. അവിടെ റെയിലിംഗിൽ ചാരി താഴേക്ക് നോക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ പിതാവ് മിഥുൻ ദാസ് പ്രദേശത്ത് മീൻ കച്ചവടം നടത്തുന്നയാളാണ്. സംഭവസമയത്ത് മാതാപിതാക്കൾ വീട്ടുജോലികളിൽ തിരക്കിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കുടുംബാംഗങ്ങളുടെയും സമീപ ഫ്‌ളാറ്റുകളിലെ താമസക്കാരുടെയും മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.
ബഹുനില കെട്ടിടത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലായ്മയാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ബാൽക്കണിയിൽ സുരക്ഷാ ഗ്രില്ലുകളോ സുരക്ഷാ നെറ്റോ ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.





