Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉമ്മൻ ചാണ്ടിയെ മറന്ന സതീശൻ ബജറ്റ്, അതൃപ്തിയിൽ ചാണ്ടി ഉമ്മൻ; ഇങ്ങനേയും നന്ദികേടോ? സ്മാരകത്തിന്റെ പേരിൽ പുകയുന്ന വിവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാന ബജറ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തത്തിൽ വിവാദം കൊഴുക്കുന്നു. വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ കോൺഗ്രസിന്റെ അധികായനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഒരു സ്മാരകം പ്രഖ്യാപിക്കും എന്നായിരുന്നു ഉമ്മൻ ചാണ്ടിയെ സ്‌നേഹിക്കുന്നവരും കോൺഗ്രസ് അണികളും കരുതിയിരുന്നത്. മറ്റ് പലരുടെയും പേരിൽ സ്മാരകങ്ങൾ പ്രഖ്യാപിച്ചപ്പോഴും ഉമ്മൻ ചാണ്ടിയുടെ പേരിൽ സ്മാരകം പ്രഖ്യാപിക്കാതെ വന്നതാണ് പാർട്ടി അണികൾക്കിടയിലും നേതാക്കൾക്കിടയിലും കടുത്ത നിരാശയും അതൃപ്തിയും ഉണ്ടാക്കിയത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മ, നടൻ സലിം കുമാർ, ഗായകൻ ഉമ്പായി എന്നിവരുടെ പേരിൽ സ്മാരകങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ജോൺസൺ മ്യൂസിക് അക്കാദമിയും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മാരകമായി ഒരു സാംസ്കാരിക കേന്ദ്രവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങളോടൊന്നും തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നും, എന്നാൽ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിലും സമാനമായൊരു പ്രഖ്യാപനം സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു എന്നുമാണ് ഉമ്മൻചാണ്ടിയോട് മാനസികമായ അടുപ്പം കാത്തുസൂക്ഷിക്കുന്ന വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഉമ്മൻ ചാണ്ടി അന്തരിച്ച് മൂന്ന് വർഷത്തോളമായിട്ടും അദ്ദേഹത്തിന്റെ സംഭാവനകളെ ഓർമ്മിപ്പിക്കുന്ന ഒരു ഔദ്യോഗിക സ്മാരകത്തിനായി കൃത്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരെന്ന പേരിൽ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങളിലേക്ക് ഉയർന്നുവന്ന മന്ത്രിമാരായ ടി.സിദ്ദിഖ്, പിസി വിഷ്ണുനാഥ്, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എന്നിവർ ഈ വിഷയത്തിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തിയില്ലെന്ന വിമർശനവും പാർട്ടിയിലെ ഒരു വിഭാഗം അണികൾ ഇപ്പോൾ ശക്തമായി ഉയർത്തുന്നുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും മറ്റ് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഉണ്ടായിരിക്കുന്നത് ബോധപൂർവ്വമായ അവ​ഗണന തന്നെയാണെന്നാണ് വലിയൊരു വിഭാ​ഗം വിശ്വസിക്കുന്നത്.

അടുത്ത കാലത്ത് അന്തരിച്ച സിനിമാതാരം സലിം കുമാറിന്റെ പേരിൽ ബജറ്റിൽ സ്മാരകം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഉമ്മൻ ചാണ്ടിക്ക് സ്മാരകം ഇല്ല എന്നതാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബവും കടുത്ത അതൃപ്തിയിലുമാണ്. അതിനിടയിലാണ് കോൺ​ഗ്രസ് കൈവിടുമ്പോൾ യുഡിഎഫിനേക്കാൾ പരി​ഗണന തങ്ങൾ ഉമ്മൻ ചാണ്ടിക്ക് നൽകി എന്ന എൽഡിഎഫ് പ്രചാരണം വരുന്നത്. അദ്ദേഹത്തിന്റെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ എൽ ഡി എഫ് പണി കഴിച്ച മിനി സിവിൽ സ്റ്റേഷൻ ചർച്ചയാവുകയാണ്. പുതുപ്പള്ളി പഞ്ചായത്തിലെ പ്രധാന റോഡും ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്.

ഔദ്യോഗികമായി സ്മാരക പ്രഖ്യാപനമൊന്നുമുണ്ടായില്ലെങ്കിലും തന്റെ പിതാവിന്റെ പൈതൃകം ജനഹൃദയങ്ങളിൽ നിലനിർത്താൻ മകനും എംഎഎൽഎയുമായ ചാണ്ടി ഉമ്മൻ ഉറച്ചുതീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ‘ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ’ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം നിർമിക്കാനാണ് പദ്ധതി.

ഇൻഷുറൻസ് പദ്ധതി തന്നെ തെരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗം മാത്രമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വിഷയത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മനും രംഗത്തെത്തി. സർക്കാർ തീരുമാനത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജനങ്ങൾക്ക് അത്തരം ആഗ്രഹങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അദ്ദേഹത്തിനായി അനുയോജ്യമായ ‘ജീവിക്കുന്ന സ്മാരകം’ നിർമ്മിക്കും എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതിനർത്ഥം പിതാവിന് ഒരു സ്മാരകം ഉണ്ടാകുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു എന്ന് തന്നെ. ഉമ്മൻ ചാണ്ടിക്ക് സ്മാരകം പണിയുന്ന കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പരിശോധന നടത്തുമെന്നാന്നാണ് തന്റെ വിശ്വാസം എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. ഇതോടെയാണ് അതുവരെ അങ്ങിങ്ങ് മാത്രമായി ഒതുങ്ങി നിന്നിരുന്ന അമർഷങ്ങൾ ചർച്ചകളായി സോഷ്യൽ മീഡിയയിലടക്കം കത്തിപ്പടർന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധം കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണനേട്ടങ്ങളായിരുന്നു. ആ പൈതൃകം മുൻനിർത്തി വോട്ട് തേടി അധികാരത്തിൽ വന്നിട്ടും, ബജറ്റിൽ അദ്ദേഹത്തിനായി ഒരു സ്മാരകം പോലും വിഭാവനം ചെയ്യാത്തത് നീതീകരിക്കാനാവില്ലെന്ന് പാർട്ടി വൃത്തങ്ങൾ പോലും കുറ്റപ്പെടുത്തുന്നു. കുറ്റപ്പെടുത്തലുകൾ എല്ലാം നീളുന്നത് മുഖ്യമന്ത്രി വിഡി സതീശനിലേക്ക് തന്നെയാണ്. തെരഞ്ഞെടുപ്പിന് മുമ്പേ പുതുപ്പള്ളി പള്ളിയിലെ സെമിത്തേരിയിൽ പോയി മെഴുകുതിരി കത്തിച്ച് പ്രചാരണത്തിന് ഇറങ്ങി വോട്ട് വാങ്ങി ജയിച്ച കോൺ​ഗ്രസ് നേതാക്കൾക്കും മറുപടിയൊന്നുമില്ലേ എന്ന് പ്രവർത്തകർ ചോദിച്ചാൽ കുറ്റം പറയാനാകുമോ?

ഇതിനിടയിൽ എരിതീയിൽ എണ്ണയൊഴിക്കാൻ പ്രതിപക്ഷം മറന്നിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ പേരിൽ സ്മാരകം പ്രഖ്യാപിക്കാത്തതിലൂടെ കോൺഗ്രസിന്റെ നിലപാടാണ് വ്യക്തമാകുന്നത് എന്ന് സിപിഐഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുബാഷ് പി വർഗീസ് പറയുന്നു. ഉമ്മൻ ചാണ്ടിക്ക് ആദ്യമായി സ്മാരകം പണിയുന്നത് പിണറായി സർക്കാരാണെന്നാണ് ഇടത് വാദം. പുതുപ്പള്ളിയിൽ ഒരു മിനി സിവിൽ സ്റ്റേഷൻ വേണമെന്ന് തീരുമാനിച്ചപ്പോൾ അതിന് ഉമ്മൻ ചാണ്ടിയുടെ പേരിടാൻ അന്നത്തെ എൽഡിഎഫ് ഭരണസമിതി തീരുമാനിച്ചിരുന്നു. അതിന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇടപെട്ട് അൻപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് 75 ലക്ഷം രൂപയും അനുവദിച്ചു. അതിന്റെ പണി പൂർത്തിയാകാറായി. ഇതിന് പുറമേ പുതുപ്പള്ളിയിൽ ഒരു റോഡിനും അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചുരുക്കത്തിൽ, ഉമ്മൻ ചാണ്ടി എന്ന ജനനായകന്റെ പൈതൃകത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലും കേരള രാഷ്ട്രീയത്തിലും പുകയുന്ന അതൃപ്തി വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് ബജറ്റുമായി ബന്ധപ്പെട്ട ഈ വിവാദങ്ങൾ നൽകുന്നത്. ഉമ്മൻ ചാണ്ടിയുടെ ജനപ്രീതിയും ഭരണനേട്ടങ്ങളും മുൻനിർത്തി ജനവിധി തേടി അധികാരത്തിലെത്തിയ ഒരു സർക്കാർ, അദ്ദേഹത്തിന് അർഹമായ ഔദ്യോഗിക പരിഗണന നൽകിയില്ലെന്ന ആക്ഷേപം വി.ഡി. സതീശൻ സർക്കാരിന് രാഷ്ട്രീയമായി വലിയ പ്രതിരോധം തീർക്കുന്നുണ്ട്. കോൺഗ്രസ് അണികൾക്കിടയിലെ ഈ നിരാശയെ കൃത്യമായി ഉപയോഗിച്ചുകൊണ്ട് എൽ.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങൾ യു.ഡി.എഫിന് ഇരട്ടി പ്രഹരമാണ്.

എങ്കിലും, ഔദ്യോഗിക സ്മാരകങ്ങളുടെ അഭാവത്തിലും ‘ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ’ നേതൃത്വത്തിൽ ഉയരാൻ പോകുന്ന ‘ജീവിക്കുന്ന സ്മാരകം’ അദ്ദേഹത്തിന്റെ ഓർമ്മകളെ ജനമനസ്സുകളിൽ നിലനിർത്തുമെന്ന ചാണ്ടി ഉമ്മന്റെ വാക്കുകൾ അണികൾക്ക് പ്രതീക്ഷ നൽകുന്നു. വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾ ഒഴിവാക്കാനും ജനവികാരം തണുപ്പിക്കാനും മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ വിഷയത്തിൽ എന്ത് തിരുത്തൽ നടപടിയോ വിശദീകരണമോ നൽകുമെന്നാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ജനങ്ങളുടെ ഹൃദയത്തിൽ സ്മാരകം തീർത്ത ഒരു നേതാവിന് ഭരണകൂടത്തിന്റെ ഔദ്യോഗിക അംഗീകാരം കൂടി വേണമെന്നത് വെറുമൊരു സ്മാരക നിർമ്മിതിക്കപ്പുറം വലിയൊരു രാഷ്ട്രീയ അന്തസ്സിന്റെ പ്രശ്നമായി കോൺഗ്രസിനുള്ളിൽ അവശേഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer