പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രശോഭ് വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതി ഇയാളുടെ ജാമ്യം നിഷേധിച്ചിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് പരാതി. അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.
കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടാനായില്ല. തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രശോഭ് വത്സൻ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം 27നാണ് ഇയാൾ കീഴടങ്ങിയത്. ബലാത്സംഗം, എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.




