മലപ്പുറം: വാഴക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പരിഹാര നടപടികളുമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി. പന്നിശല്യം ഇല്ലായ്മ ചെയ്യുന്നതിനായി എടവണ്ണയിലെ അംഗീകൃത തോക്ക് ഉടമകളെയും പന്നിവേട്ടക്കാരെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി ആരിഫയുടെ നിർദേശപ്രകാരം പ്രത്യേക യോഗം വിളിച്ചുചേർത്തു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഞ്ചായത്തിലെ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും പന്നികൾ കൂട്ടത്തോടെ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. കർഷകർക്കുണ്ടായ വലിയ സാമ്പത്തിക നഷ്ടവും ജനങ്ങളുടെ സുരക്ഷയും പരിഗണിച്ചാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ.
അടുത്ത ദിവസങ്ങളിൽ തന്നെ കർഷകരുടെ കൂടി സഹായത്തോടെ പന്നികളെ വെടിവെച്ചു കൊല്ലാൻ യോഗത്തിൽ കൃത്യമായ പദ്ധതി തയ്യാറാക്കിയതായി വൈസ് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ് അറിയിച്ചു.
പന്നിശല്യം മൂലം പൊറുതിമുട്ടിയ കർഷകർക്ക് വലിയ ആശ്വാസമാണ് പഞ്ചായത്തിന്റെ ഈ തീരുമാനം. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മുസ്തഫ വാഴക്കാട്, പുഷ്പ ചെറുവായൂർ, ഭരണസമിതി അംഗങ്ങളായ മുത്തുക്കോയ തങ്ങൾ, അഷ്റഫ് ചേനിയത്ത്, കെ വി മുഹമ്മദ്, സുഹറ പി പി, നസീറ എം, ഹഫ്‌സ ടീച്ചർ, മൈമൂന ആക്കോട് എന്നിവർ പങ്കെടുത്തു.




