കുവൈത്ത് സിറ്റി: റോഡുകളിൽ നിശ്ചിത വേഗപരിധി ലംഘിക്കുന്ന വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ യാതൊരു വിധത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ വേഗപരിധി ലംഘനങ്ങൾക്ക് ലഭിക്കുന്ന ശിക്ഷകളെക്കുറിച്ച് ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്.
പുതിയ നിർദേശപ്രകാരം മണിക്കൂറിൽ 150 കിലോമീറ്ററിന് മുകളിലെ വേഗതയിൽ വാഹനമോടിക്കുന്ന കുവൈത്ത് പൗരന്മാർക്ക് പിഴയും വാഹനം കസ്റ്റഡിയിലും ലഭിക്കും. ഇതേ നിയമലംഘനം നടത്തുന്ന പ്രവാസികൾക്ക് പിഴയ്ക്കൊപ്പം വാഹനം പിടിച്ചെടുക്കലും നാടുകടത്തലും ഉണ്ടാകും.
മണിക്കൂറിൽ 170 കിലോമീറ്ററിന് മുകളിലുള്ള അത്യധിക വേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കടുത്ത നടപടികളാണ് സ്വീകരിക്കുക. കുവൈത്ത് പൗരന്മാർക്ക് പിഴ, വാഹനം കണ്ടുകെട്ടൽ, താൽക്കാലിക തടവ് എന്നിവ വരെ ലഭിക്കാം. ഇതേ നിയമലംഘനം ചെയ്യുന്ന പ്രവാസികൾക്ക് പിഴയും വാഹനം പിടിച്ചെടുക്കലും രേഖപ്പെടുത്തിയ ശേഷം രാജ്യത്തുനിന്ന് അടിയന്തര നാടുകടത്തലും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.






