മലപ്പുറം: വേങ്ങരയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശിയായ മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് വലിയോറ മുതലമാടുവിലാണ് അപകടമുണ്ടായത്. ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡിന്റെ മറുവശത്തേക്ക് നടക്കുന്നതിനിടെ എതിര്‍ദിശയിൽ നിന്ന് വന്ന അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാൻ റിസ്വാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വലിയോറ ഈസ്റ്റ് എ.എം.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് റിസ്വാൻ. അപകടം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.




