തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടതായി പരാതി. പ്ലസ് വൺ വിദ്യാർഥിനിയാണ് സംഭവത്തിൽ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ വൈകുന്നേരം ‘ചിറയത്ത്’ എന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. വിദ്യാർഥിനി ഇറങ്ങേണ്ട പരുത്തിപ്രയിൽ ബസ് നിർത്തില്ലെന്ന് പറഞ്ഞ് മുൻപത്തെ സ്റ്റോപ്പിൽ ഇറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടെന്നാണ് പരാതി.
ഇതിന് വിദ്യാർഥിനി വിസമ്മതിച്ചതോടെ കൈയിൽ പിടിച്ച് ബസിൽ നിന്ന് ബലമായി ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.











