ജയ്പൂര്‍: യുവാവിനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് മകളും അമ്മാവനും അടക്കം മൂന്ന് പേര്‍ ട്രെയിനിടിച്ച് മരിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുമിത് സെയിന്‍ എന്ന 40കാരന്‍ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച പുലര്‍ച്ചെയാണ് 40 കാരന്‍ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറയുന്നത്.
റെയില്‍ വേ ട്രാക്കിന്റെ പശ്ചാത്തലത്തില്‍ നിന്നായിരുന്നു യുവാവിന്റെ വീഡിയോ കോള്‍. യുവാവ് നില്‍ക്കുന്ന സ്ഥലം വ്യക്തമാവുന്നതിന് മുന്‍പ് യുവാവ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ഇതോടെ ബന്ധു വിവരം പൊലീസ് സ്റ്റേഷനിലേക്ക് അറിയിച്ചു. പിന്നാലെ സുമിതിന്റെ 15 വയസ് പ്രായമുള്ള മകള്‍ നിഷയേയും മൂത്ത സഹോദരനേയും വിവരം അറിയിച്ചു. സുമിതിന്റെ അടുത്തേക്ക് എത്തി ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഇവര്‍ ഒരു വിധത്തില്‍ യുവാവിനെ റെയില്‍വേ ട്രാക്കില്‍ നിന്ന് പുറത്ത് എത്തിക്കാന്‍ നോക്കുന്നതിനിടെ ട്രാക്കിലൂടെ വന്ന ഹരിദ്വാര്‍ മെയില്‍ ട്രെയിന്‍ മൂന്ന് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടു. ജയ്പൂരിലെ ഖോ നഗോരിയാന്‍ കോളനിയിലെ ജയ് അംബേ നഗര്‍ താമസക്കാരനായ സുമിത് ഏറെക്കാലമായി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരുടെ ഫോണ്‍, കീറിപ്പോയ വസ്ത്രങ്ങള്‍ എന്നിവയില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.






