അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിങ് രൺധാവയുടെ ആത്മഹത്യയിൽ മുൻ ഗതാഗത മന്ത്രി ലാൽജിത് സിങ് ഭുള്ളർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ചയാണ് ഗഗൻദീപ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പ് വിഷം കഴിച്ചതായും, മന്ത്രിയെ ഭയപ്പെടുന്നതായും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
10 ലക്ഷം രൂപ കൈക്കൂലി വാങ്ങി വെയർഹൗസ് ടെൻഡർ മന്ത്രിയുടെ അച്ഛന് നൽകണമെന്ന സമ്മർദ്ദം ഗഗൻദീപിന് നേരിട്ടതായാണ് വിവരം. ടെൻഡർ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മന്ത്രിയും സംഘവും മാനസികവും ശാരീരികവുമായ പീഡനം നടത്തിയതാണെന്ന് ഗഗൻദീപിന്റെ ഭാര്യ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ഭഗവത് മൻ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






