തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസ് നാല് പതിറ്റാണ്ടായി തീർപ്പാക്കാനാകാത്ത എൽപി (Long Pending) കേസാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബ്രൂണൈയിൽ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുറത്തുവരുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് എഡിജിപിയോട് നിർദേശിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ ഡിവൈഎസ്പി എച്ച്. വെങ്കിടേഷിനോട് റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചിരുന്നു. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ചാക്കോ വധക്കേസിൽ അലി അക്ബറിന്റെ റിപ്പോർട്ട് പൂഴ്ത്തിയെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. വയലാർ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലം മുതലുള്ള കേസാണിതെന്നും ഇനി എന്താണ് പൂഴ്ത്താനുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേരള പൊലീസ് ഇന്റർപോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, ഓപ്പറേഷൻ തൂഫാൻ വൻ വിജയമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓണം വളരെ സമാധാനപരമായിരുന്നുവെന്നും സംസ്ഥാനത്ത് എവിടെയും കാര്യമായ ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും ചെന്നിത്തല അറിയിച്ചു. തൂഫാൻ വന്നതോടെ മദ്യ ഉപയോഗം വർധിച്ചുവെന്ന് പറയുന്നില്ലെന്നും എന്നാൽ മാരക ലഹരി വസ്തുക്കളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


