മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ തള്ളിക്കളഞ്ഞു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ആരെയും ആരും ഒതുക്കാനുള്ള ശ്രമം നടത്തുന്നില്ല, മെരുക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും അൻവറിനെ മുന്നണിയിലെടുക്കാത്തതിന്റെ പ്രതിസന്ധി തുടരുകയാണ്. ആരെയും ഒതുക്കാൻ ശ്രമിക്കുന്നില്ല, ഞങ്ങൾ ഒറ്റകെട്ടായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും അധ്യക്ഷൻ പറഞ്ഞു. ഒരാൾ കൂടെയുണ്ടെങ്കിൽ അത്രയും പിന്തുണയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സി വേണുഗോപാൽ തിരക്കുള്ള വ്യക്തിയാണ്. അദ്ദേഹം ചെയർമാനായ പി എസ് സി യുടെ മീറ്റിങ് ഇന്ന് ഉണ്ടായിരുന്നു. ദേശീയ പാതയുടെ തകർച്ചയെക്കുറിച്ചുള്ള ചർച്ചയുള്ളതിനാലാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയത്. രാഷ്ട്രീയ ചർച്ചയ്ക്കുള്ള സമയം കിട്ടാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് സണ്ണി ജോസഫ് പറയുന്നത്. അതേസമയം അൻവറിന്റെ പാർട്ടി യോഗവും യുഡിഎഫിന്റെ യോഗവും നാളെ ചേരുന്നുണ്ട്. ഇതിനു ശേഷമായിരിക്കും തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






