കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്‍റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപി അംഗത്വമെടുത്തു. പുതിയതെരുവിൽ നടത്തിയ എൻഡിഎ റോഡ് ഷോയ്ക്കിടെയാണ് അംഗത്വം സ്വീകരിച്ചത്. അഴീക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റുമായ കെ.കെ. വിനോദ് കുമാറും ഗോവയിലെ എംപി സദാനന്ദ ഷെട്ട് തനവാഡെയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ബിജെപി മമ്പറത്ത് നടത്തിയ അദാലത്തിൽ ഷാജി പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പരിപാടിയിലാണ് ഷാജി ജോസഫ് നിവേദനവുമായി എത്തിയത്. ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ട ലൈസൻസിനായി നിരവധി തവണ സമീപിച്ചിട്ടും ഇടപെടാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നും അതുകൊണ്ടാണ് ബിജെപിയുടെ അദാലത്തിൽ എത്തിയതെന്നും ഷാജി ജോസഫ് പറഞ്ഞിരുന്നു.





