പാലക്കാട്: സപ്ലൈകോ മുഖേനയുള്ള നെല്ലു സംഭരണവുമായി സ്വകാര്യ മില്ലുകൾ സഹകരിക്കും. മന്ത്രി ജി.ആർ.അനിൽ കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ഇത്തവണ പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ രണ്ടാം വിള മുതൽ മില്ലുകൾ നെല്ലെടുത്തു തുടങ്ങും.
പാലക്കാട് ജില്ലയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചതുപോലെ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന നെല്ലെടുത്ത് സഹകരണ ബാങ്കുകൾ മുഖേന വില നൽകുമെന്നു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
പാലക്കാട് സംഭരണത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സപ്ലൈകോയോ സഹകരണ സംഘങ്ങളോ നെല്ലെടുത്ത് വെയർ ഹൗസിങ് കോർപറേഷൻ ഗോഡൗണിലേക്കു മാറ്റും. ഇതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. നെല്ലെടുത്ത് 48 മണിക്കൂറിനുള്ളിൽ സഹകരണ സംവിധാനം വഴി വില നൽകാനാണു ശ്രമം.
പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ മില്ലുകൾ മുഖേന നെല്ലെടുത്ത് ഇത്തവണ കൂടി കൺസോർഷ്യം ബാങ്കുകൾ വഴി വില നൽകും. ഈ ജില്ലകളിൽ അടുത്ത സീസൺ മുതൽ വിലവിതരണം കേരള ബാങ്ക് മുഖേനയാക്കുന്നതു പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
നെല്ല് – അരി അനുപാതത്തിൽ മില്ലുകൾ ഉന്നയിച്ച 2022 മുതലുള്ള കുടിശിക നൽകുന്നതിൽ സർക്കാർ അനുകൂല നിലപാടു സ്വീകരിക്കും.
അതേസമയം, നെല്ല് – അരി അനുപാതം 64.5 കിലോ ആക്കണമെന്ന മില്ലുകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും 100 കിലോ നെല്ലിന് 68 കിലോ അരിയെന്നത് കേന്ദ്ര മാനദണ്ഡമാണെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം വിളയിൽ നെല്ലെടുക്കാൻ 12 മില്ലുകൾ സപ്ലൈകോയുമായി സഹകരിച്ചിരുന്നു.
ഈ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇതര സ്വകാര്യ മില്ലുകളുടെ പ്രവർത്തനത്തിനുള്ള മുഴുവൻ നെല്ലും കേരളത്തിനു പുറത്തുനിന്നു കൊണ്ടുവരാൻ പരിമിതിയുണ്ട്. ഈ സാഹചര്യത്തിൽ മില്ലുകൾ സഹകരിക്കുമെന്ന പ്രതീക്ഷ സർക്കാരിനുണ്ടായിരുന്നു. ചർച്ചയ്ക്കുള്ള സാഹചര്യവും സർക്കാർ ഒരുക്കിയിരുന്നു. ഈ നടപടിയാണു വിജയിച്ചത്.
മന്ത്രിക്കു പുറമേ സിവിൽ സപ്ലൈസ് മാനേജിങ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.കർണൻ, ജനറൽ സെക്രട്ടറി വർക്കി പീറ്റർ, മിൽ പ്രതിനിധികളായ എൻ.പി.ജോർജ്, എൻ.പി.ആന്റണി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.






