ന്യൂഡൽഹി: യുക്രൈനിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി വിദേശകാര്യ മന്ത്രാലയത്തോട് നിർദേശിച്ചു. യുക്രൈനിലെയും റൊമാനിയയിലെയും ഇന്ത്യൻ എംബസികളും വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കാണാതായ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും കോടതി വ്യക്തമാക്കി.
ജൂലൈ 25നാണ് യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം സഞ്ചരിച്ചിരുന്ന ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കടലിലേക്ക് ചാടിയ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശി റാം ചന്ദ്ര ദുബെ (22), റായ്‌ബറേലി സ്വദേശി ദീപക് കുമാർ ഗുപ്ത എന്നിവരെയാണ് പിന്നീട് കാണാതായത്.
കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യൻ നാവികരിൽ രണ്ടുപേരെ യുക്രൈൻ നാവികസേന സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. കാണാതായ രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.




