ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് വാഹന ഉടമകൾക്ക് ആശ്വാസമാകുന്ന വിധത്തിൽ ഏകീകൃത ഇൻഷുറൻസ് നയം രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം നൽകി. വാഹന ഇൻഷുറൻസ് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് 22 ഇൻഷുറൻസ് കമ്പനികളോടും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയോടും കോടതിയുടെ നിർദ്ദേശം.
ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.
ഇൻഷുറൻസ് കമ്പനികൾ ക്ലെയിമുകൾ കോടതിക്ക് പുറത്തു തീർപ്പാക്കാൻ താത്പര്യമില്ലാത്തതും ഉപഭോക്താക്കൾക്ക് പോളിസി നിബന്ധനകളെക്കുറിച്ച് മതിയായ അറിവില്ലാത്തതും ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കമ്പനികളുടെ പോളിസികളിലെ വ്യത്യാസങ്ങൾ, കവറേജിലെ മാറ്റങ്ങൾ, വ്യാഖ്യാനത്തിലെ അനിശ്ചിതത്വം എന്നിവയെക്കുറിച്ച് കോടതി ആശങ്ക രേഖപ്പെടുത്തി. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളിൽ കേസുകൾ തീർപ്പാക്കാൻ വർഷങ്ങൾ വേണ്ടിവരുന്നതും കോടതി ചൂണ്ടിക്കാട്ടി.
വാഹന ഇൻഷുറൻസ് സംബന്ധിച്ച ഏകീകൃത നയം രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കാമെന്നായിരുന്നു ബെഞ്ചിന്റെ അഭിപ്രായം. ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പോളിസികളെക്കുറിച്ച് വ്യക്തമായ അവബോധം ലഭ്യമാക്കണമെന്നും ആവശ്യമായാൽ ഒറ്റത്തവണ ക്ലെയിം തീർപ്പാക്കൽ സംവിധാനം പരിഗണിക്കാമെന്നും കോടതി നിർദ്ദേശിച്ചു.
1996 ൽ കാർ അപകടത്തിൽ മരിച്ച തെലങ്കാന സ്വദേശിയുടെ ഭാര്യ പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം നടത്തിയത്. കാറിന് മാത്രമേ പോളിസി ഉണ്ടായിരുന്നുള്ളൂ, മരിച്ചയാൾക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ വാദം ഹൈക്കോടതി തള്ളി 2024ൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. അതിനെതിരെ കമ്പനി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതോടെയാണ് ഉത്തരവിന് സ്റ്റേ ലഭിച്ചത്.




