ന്യൂഡൽഹി:കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രസർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ശിൽപ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ വിശദമായ വാദം പിന്നീട് കേൾക്കും.
കര്‍ണാടക സ്വദേശിനിയായ ഡി. ശിൽപയെ കേരള കേഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പിഴവായിരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ കേഡർ മാറ്റത്തിന് ഉത്തരവിട്ടത്. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് മാസത്തിനുള്ളിൽ കര്‍ണാടക കേഡറിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്.
2015-ലെ കേഡർ നിർണയത്തിൽ ഉണ്ടായ പിഴവിനാൽ തന്നെയാണ് കര്‍ണാടക കേഡറിൽ ഉൾപ്പെടാതെ പോയതെന്നായിരുന്നു ശിൽപയുടെ വാദം. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അനുകൂല ഉത്തരവ് ലഭിക്കാതെ വന്നതോടെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിയുടെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.






